Sunday, May 5, 2013

ഒരു പ്രവാസിയുടെ സ്വപ്നം

ഒരു പ്രവാസിയുടെ സ്വപ്നം
*****************
ജോലി കഴിഞ്ഞു റൂമില്‍ വന്ന് കട്ടിലില്‍ മലര്‍ന്ന് കിടന്നു സീലിംഗിലേക്ക് നോക്കി അയാള്‍. പത്തു വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ മുടങ്ങാത്ത ഒരു ദിനചര്യ. അപ്പോഴാണ് അയാള്‍ നാട്ടിലെ 
ചിന്തകള്‍ മനസിലേക്ക് കടന്നു വരുന്നത്. അവസാനത്തെ അവധിക്കാലവും, കുടുംബസമേതം പോയ വിനോദയാത്രയും. മക്കളുടെ കൂടെയുള്ള കളിയും ചിരിയും തമാശകളും, ഭാര്യയോട് ഒരുമിച്ചുള്ള സ്വകാര്യനിനിഷങ്ങളുംമെല്ലാം. ഓരോന്ന് ഓര്‍ത്ത് അയാളുടെ കണ്ണുകള്‍ നിറഞ്ഞു.

പ്രവാസം മതിയാക്കി നാട്ടില്‍ എന്തെങ്കിലും ചെറിയ ഒരു കച്ചവടം തുടങ്ങി നിത്യ വരുംമാനം കണ്ടെത്തണമെന്ന ചിന്ത മനസ്സില്‍ മുളപൊട്ടിയിട്ട് നാളുകള്‍ ഏറെയായി. കാടും, മേടും,പുഴകളും,തോടുകളും, മഴയും മഞ്ഞും, ആ തണുത്ത കാറ്റും മനസ്സില്‍ കുളിര്‍ കോരിയിടുന്നു.
മനസിന്‍റെ വേദനകള്‍ പതിയെ ശരീരത്തെയും ബാധിച്ചിരിക്കുന്നു. വിരഹത്തിന്‍റെ നൊമ്പരം അയാളെ വല്ലാതെ അലട്ടി.

അയാള്‍ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു.
ഭാര്യയാണ് ഫോണെടുത്തത്. 

ഹലോ, ഇത് ഞാനാ,എന്താ വിശേഷം? 
സുഖം തന്നെ.

മക്കളെല്ലാം എവിടെയാ?
അവര്‍ ഉറങ്ങി, നാളെ ക്ലാസ്സ്‌ ഉള്ളതല്ലേ?
എന്താ, ഈ സമയത്ത് ഒരു വിളി പതിവില്ലാതെ?

ഒന്നുംമില്ല, ചെറിയ ഒരു അസ്വസ്ത്തത,

എന്തു പറ്റി? (ശബ്ദത്തിനൊരു മാറ്റം)
ഒന്നുമില്ല, ഒരു കാര്യം ഓര്‍ത്തു വിളിച്ചതാണ്.

എന്താ പറ?
ഒന്നുംമില്ല, ഞാന്‍ ഇവിടെ നിര്‍ത്തി കുറച്ചു കാലം നാട്ടില്‍ നിന്നാലോ എന്നു മനസുപറയുന്നു.
മഴയും, കാറ്റും കുളിരും, ആ പച്ചപ്പും പിന്നെ നീയും മക്കളും എല്ലാം മിസ്സ്‌ ചെയുന്നു. ഇവിടെ നിന്ന് മനസ് മരവിച്ചു. നീയും മക്കളും അവിടെ ഞാന്‍ ഇവിടെ ഒറ്റക്ക്, പണവുംമില്ല. ജീവിതവും ഇല്ല, കാലം കഴിയും തോറും രണ്ടും കയ്യില്‍ നിന്നും അകന്നു പോകുന്നു. നീ എന്തു പറയുന്നു?

മറുതലക്കല്‍ മിണ്ടാട്ടമില്ല.

നീ കേട്ടില്ലേ ഞാന്‍ പറഞ്ഞത്?
മം, കേട്ടു.

പിന്നെ നീ എന്താ ഒരു അഭിപ്രായം പറയാത്തത്?
ഇവിടെ വന്നിട്ട് നിങ്ങള്‍ എന്താ ചെയ്യുക? എത്ര ചുരുക്കിയാലും ചെലവിനും, കുട്ടികളുടെ പഠിത്തതിനും ഇടയ്ക്കു വരുന്ന വിവാഹങ്ങള്‍, വീട് താമസം, ആശുപത്രി ചെലവ്, അതിനു പുറമേ നിങ്ങളുടെ ഉമ്മാക്കും ഉപ്പാക്കും കൂടി കൊടുക്കുന്ന തുകയടക്കം ഒരു മാസം ഇപ്പോള്‍ 15000മുതല്‍ 20000 രൂപ വേണം, ഇവിടെ വന്നാല്‍ എന്തു ജോലി ചെയ്താ അത്രയും രൂപ യുണ്ടാക്കുക? ഇതെല്ലം നിങ്ങള്‍ക്ക് നന്നായി അറിയാമല്ലോ?നിങ്ങള്‍ക്ക് ഇത് അയച്ചാല്‍ മതി, അത് കൊണ്ട് രണ്ടു തലയും കൂട്ടി മുട്ടിക്കാന്‍ ഞാന്‍ പെടുന്ന പാട് എനിക്കും പടച്ചോനും മാത്രമേ അറിയൂ.

അതെല്ലാം എനിക്കറിയാം, നമ്മുക്ക് ഒരു ചെറിയ പലചരക്ക് കട തുടങ്ങാം. അതില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാം.
പലചരക്ക് കടയില്‍ നിന്ന് എന്താ കിട്ടുക? നമ്മുടെ ചെലവിന് പോലും തികയില്ല. ഇപ്പോള്‍ പഴയതു പോലെ ജീവിക്കാന്‍ പറ്റില്ല, പണ്ട് നമ്മള്‍ ഒരുപ്പാട് കഷ്ടപെട്ടതാണ്. ഒരല്‍പ്പം മികവില്‍ തന്നെയാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഒരു നാല് വര്‍ഷവും കൂടി കഴിഞ്ഞാല്‍ മോന്‍റെ പഠിപ്പ് തീരും, അവനെ കൂടി അവിടെ ഒരു ജോലി ശരിയാക്കീട്ട് നിങ്ങള്‍ക്ക് നിര്‍ത്തി പോന്നാല്‍ പോരെ? ഈ മഴയും വെയിലും കാറ്റും ഇരുപത്തിയഞ്ചു വര്‍ഷം നിങ്ങള്‍ അനുഭവിച്ചതല്ലേ? അതൊക്കെ അതിലും മോശമാണ് ഇപ്പോള്‍. ഇവിടെ ഇപ്പോള്‍ മഴയും കാറ്റുംമില്ല, മലയും കുന്നും വെട്ടി ബില്‍ഡിംഗ്‌ കെട്ടുന്നു. ശുദ്ധമായ വായു പോലുംമില്ല. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞുവെന്നെയോള്ളൂ. നിങ്ങള്‍ നല്ല വണ്ണം ആലോചിച്ചു തീരുംമാനം എടുത്താല്‍ മതി. വിസ ക്യാന്‍സല്‍ ചെയ്താല്‍ വേറെയൊന്നു കിട്ടാനുള്ള പ്രയാസം നിങ്ങള്‍ക്ക് അറിയാമല്ലോ?
നമ്മുടെ അയല്‍വാസി മുരളി നിര്‍ത്തി പോന്നിട്ട് എട്ടു മാസം ആയി, ഇപ്പോഴും ഇവിടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഒരു പണിയും ഇല്ല. അവന്‍ തിരിച്ചു പോകുന്നുവെന്ന് ആരോ പറയുന്നത് കേട്ടു.

നീ പറയുന്നതും ശരിയാണ്, ഞാന്‍ അത്രക്ക് ചിന്തിച്ചില്ല. എന്നാല്‍ നീ കിടന്നോ, ഞാന്‍ പിന്നെ വിളിക്കാമെന്നു പറഞ്ഞു അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു.

അന്ന് രാത്രി അയാള്‍ സുഖമായി ഉറങ്ങി. പിന്നെ അയാള്‍ ഒരിക്കലും ആരെയും വിളിച്ചിട്ടില്ല.

No comments:

Post a Comment