Sunday, July 21, 2013

മൈമൂന എന്ന ഗദാമ്മ (ഭാഗം–മൂന്ന്)

മൈമൂന എന്ന ഗദാമ്മ (ഭാഗം–മൂന്ന്)
**********************
എല്ലാം പടച്ചോന് സമര്‍പ്പിച്ചു, അനുഭവിക്കുവാന്‍ ഉള്ളത് അനുഭവിച്ചേ മതിയാകൂവെന്ന് മനസുപറഞ്ഞു. അടുക്കളയിലെ ക്ലോക്കിന്റെ സൂചിക്ക് വേഗതപോരെന്നു തോന്നി. വൈകീട്ട് ബാബു സാധങ്ങളുംമായി അടുക്കളയില്‍ വന്നപ്പോള്‍ ഇന്ന് രാത്രി പോകുന്ന വിവരം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു. ഒഴിവു കിട്ടിയ നേരത്ത് റൂമില്‍ പോയി അത്യാവശ്യം വേണ്ട വസ്ത്രങ്ങള്‍ ബാഗില്‍ വെച്ചു. നാട്ടിലേയ്ക്ക് ക്യാന്‍സല്‍ ചെയ്ത് വിട്ട ഫില്പിനോ തന്ന ഗേറ്റ്ന്‍റെ കള്ള തക്കോലെടുത്തു ബാഗിന്‍റെ പുറത്തെ അറയില്‍ വെച്ചു.

തിരിച്ച് അടുകളയില്‍ വന്നു ബാക്കി പണിയെല്ലാംതീര്‍ത്തപ്പോഴെക്കും നേരം 12മണിയായി. മാമ്മക്കും ബാബക്കും ബെഡ് ഷീറ്റ് വിരിച്ചു കൊടുത്ത്, കുടിക്കാനുള്ള വെള്ളം ബെഡ് റൂം ഫ്രിഡ്ജില്‍ വെച്ച് അവരെ അവസാനമായി ഒന്ന് നോക്കി. ജീവിതത്തില്‍ ഇനി ഒരിക്കലും കണ്ടുമുട്ടില്ല എന്ന് മനസില്‍ ഓര്‍ത്ത് കണ്ണുകള്‍ കൊണ്ട് യാത്ര പറഞ്ഞു. നേരെ അടുകളയില്‍ പോയി ഒരു ഗ്ലാസ്‌ വെള്ളമെടുത്ത് കുടിച്ച് ലൈറ്റ് ഓഫ്‌ ചെയ്ത് റൂമിലേക്ക് നടന്നു കയറി.

ഇട്ടിരുന്ന ഡ്രസ്സിന് മുകളില്‍ ഒരു പര്‍ദ്ദ ഇട്ടു. തലയില്‍ കറുത്ത ഷാളും, ടോയ്ലെറ്റില്‍ പോയി മുഖം കഴുകി. പണ്ട്എങ്ങോ വാങ്ങിവെച്ച പേരില്ലാത്ത സ്പ്രേ എടുത്ത് അടിച്ചു. ഉള്ളീല്‍ ടെന്‍ഷന്‍ ഏറി വരുന്നു. ഇനി ബാബുവെങ്ങാനും മാമ്മയോടെ പറഞ്ഞു കാണുമോ? റഹീം ഇവിടെ എത്തി കാണുമോ? കൈയ്യും കാലും ചെറുതായി വിറയ്ക്കാന്‍ തുടങ്ങി. ഫോണെടുത്ത് റഹീമിനെ വിളിച്ചു.

വീടിനു അടുത്ത് തന്നെയുണ്ടെന്നും, വീടിനു പുറത്ത് വന്നിട്ട് മിസ്സ്‌ അടിക്കണമെന്നും പറഞ്ഞു.

ചെരിപ്പ് എടുത്ത് കയ്യില്‍ പിടിച്ച് കോണിഇറങ്ങി. മാമ്മയുടെയും ബാബയുടെയും ബെഡ്റൂമിലേക്ക് നോക്കി. ലൈറ്റ് ഓഫ്‌ ചെയ്തിട്ടുണ്ട്. അത്പോലെ മുകളിലേക്ക് കയറി. പടച്ചോനെ മനസില്‍ വിചാരിച്ച് ബാഗ് എടുത്ത് തോളില്‍ ഇട്ടു, മറ്റെ കയ്യില്‍ ചെരിപ്പും മൊബൈലും പിടിച്ച് മെല്ല പടികള്‍ ഇറങ്ങി. അവരുടെ ബെഡ്റൂമിന് മുന്നില്‍ ഒരു നിമിഷം നിന്നു. നാളെ രാവിലെ എന്നെ കണ്ടില്ലെങ്കില്‍ ഇവര്‍ എന്തുചെയ്യുമെന്ന ചിന്ത മനസില്‍ മിന്നിമാഞ്ഞു. 

പതുക്കെ മുന്നോട്ടു നടന്നു. മെയിന്‍ ഡോര്‍ തുറന്ന് വീടിനു പുറത്ത് കടന്നു. ഡ്രൈവര്‍ ബാബുവിന്‍റെ റൂമിലേക്ക് നോക്കി, ലൈറ്റ് ഓഫ്‌ ചെയ്തിട്ടുണ്ട്. ഫോണെടുത്ത് റഹീമിന് മിസ്സ്‌ കാള്‍ അടിച്ചു. ബാഗില്‍ നിന്നും ഗേറ്റ്ന്‍റെ താക്കോല്‍ എടുത്ത് പതിയെ ഗേറ്റ് തുറന്നു. റോഡില്‍ തെരുവു വിളക്കുകള്‍ ഇല്ല. നേരിയ ഇരുട്ട് പുറത്ത് ഇറങ്ങി. റോഡി സൈഡില്‍ നിര്ത്തി യിട്ടിരിക്കുന്ന കാറിന്‍റെ ലൈറ്റ് തെളിഞ്ഞു. അത് റഹീംമാണെന്ന് ഉറപ്പിച്ച് വണ്ടിയിയുടെ അടുത്തേക്ക് നീങ്ങി. വേഗം വണ്ടിയിലേക്ക് കയറാന്‍ റഹീം പറഞ്ഞു. പിന്‍വാതില്‍ തുറന്ന് ഞാന്‍ വണ്ടിയ്ല്‍ കയറി.

ബാഗ്‌ വണ്ടിയില്‍ വെച്ചു. സീറ്റ്‌നിടയില്‍ കുനിഞ്ഞിരിക്കാന്‍ റഹീം പറഞു. ഞങ്ങള്‍ പരസ്പരം ഒന്ന് സംസാരിച്ചില്ല. പതിനഞ്ചു മിനുട്ടോളം അങ്ങിനെ ഇരുന്നു. കാര്‍ അതിവേഗം പാഞ്ഞുകൊണ്ടിരുന്നു. ഇതിനിടയില്‍ റഹീം ഫോണില്‍ ആരോടോ ഞങ്ങള്‍ വരുന്നുവെന്ന് പറയുന്നത് കേട്ടു. 

വണ്ടി ഒരു വില്ലയുടെ മുന്നില്‍ നിന്നു. ഗേറ്റ് തുറന്ന് ഒരാല്‍ പുറത്ത് വന്നു. ഞാന്‍ ബാഗുമെടുത് പുറത്ത് ഇറങ്ങി. പുലച്ചെ ഒന്നരമണിക്ക് ഞാന്‍ സ്വതന്ത്രത്തിന്‍റെ ശുദ്ധവായു ആവോളം ശ്വാസിച്ചു. റഹീം പൈസ ചോദിച്ചു. ബാഗില്‍ നിന്നും അഞ്ഞൂറ് റിയാല്‍ എടുത്ത് കൊടുത്തു. പണവും വാങ്ങി ഞങ്ങളോട് യാത്ര പറഞ്ഞ് റഹീം അതിവേഗം കാര്‍ ഓടിച്ചു പോയി. ഞാന്‍ അയാളോട് ഒപ്പം വില്ലയിലേക്ക് കടന്നു. ആ വില്ലയില്‍ പല വാതിലുകള്‍ കണ്ടു. അതില്‍ ഒരു വാതിലുനു മുന്നീല്‍ ഒരു സ്ത്രീ പുഞ്ചിരിയോടെ നില്ക്കുന്നത് ലൈറ്റിന്‍റെ ഇളം വെട്ടത്തില്‍ കണ്ടു. അടുത്ത് ചെന്നപ്പോള്‍ അവര്‍ ഗര്ഭിണിയാണെന്ന് മനസിലായി. സലാം പറഞ്ഞു അകത്തു കടന്നു. അവര്‍ ഉറങ്ങാതെ എന്നെ കാത്തിരിക്കുകയിരുന്നുവെന്ന് എനിക്ക് തോന്നി. എനിക്കൊരു റൂം ശരിയാക്കിവെച്ചിരുന്നു. ഞാന്‍ ബാഗ് റൂമില്‍ വെച്ചു. നാളെ വിശദമായി പരിചയപെടാമെന്നു പറഞ്ഞു അവര്‍ കിടക്കാന്‍ പറഞ്ഞു.
ഒരു നരകത്തില്‍ നിന്ന് രക്ഷപെട്ട സന്തോഷത്തില്‍ ഞാന്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം സുഖമായി ഉറങ്ങി.

(ബാക്കി ഭാഗം നാലില്‍)

No comments:

Post a Comment