Sunday, May 26, 2013

മൈമൂന എന്ന ഗദാമ്മ (ഭാഗം-1)

മൈമൂന എന്ന ഗദാമ്മ (ഭാഗം -ഒന്ന്)
****************************
വെള്ളിയാഴ്ച രാവിലെ ഏഴു മണി, നാസറും ഭാര്യ സഫിയയും മക്കളായ റിസയും, നിയയും ഡ്രസ്സ്‌ ചെയ്ത് പുരത്ത പോകാന്‍ റെഡിയായി. കുടുംബം ഖത്തറില്‍ എത്തിയതു മുതലുള്ള ശീലമാണ് ഒഴിവു ദിനത്തിലെ ഈ യാത്ര. ജനുവരിയിലെ ഇളം തണുപ്പുള്ള പ്രഭാതം,. നീലാകാശത്ത് അങ്ങിങ്ങായി വെള്ള മേഘകെട്ടുകള്‍. സൂര്യന്‍ കിഴക്കു നിന്ന് മേഘങ്ങള്‍ക്കിടയിലൂടെ ഭൂമിയെ ഒളികണ്ണുകൊണ്ട് നോക്കുന്നു. ഇളം തണുത്ത കാറ്റ് കുളിരണിയിക്കുന്നു. വിജനമായ റോഡിലൂടെ പ്രസന്നമായ കാലാവസ്ഥയില്‍ അന്തരീക്ഷത്തിലെ കാറ്റും തണുപ്പും ആസ്വദിച്ചുകൊണ്ടുള്ള യാത്ര ഫ്ലാറ്റില്‍ ഒതുങ്ങി കൂടി കഴിയുന്ന ഭാര്യക്കും മക്കള്‍ക്കും ഒരു ആശ്വാസമാണ്.

പുറത്ത് ഇറങ്ങി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത് പോക്കറ്റ്‌ റോഡിലൂടെ മെയിന്‍ റോഡ്‌ലക്ഷ്യമാക്കി നീങ്ങി.
റിസയും നിയയും കാറിന്‍റെ വിന്‍ഡോസ്‌ തുറന്ന് ഇളം കാറ്റേറ്റു പുറത്തേക്ക് നോക്കി ഇരിക്കുന്നു.
റോഡ്‌ സൈഡില്‍ കുറച്ചകലെ ഒര പര്‍ദ്ദ ധരിച്ച സ്ത്രീ മുന്‍പേ പോയി വണ്ടിക്കു കൈ കാണിക്കുന്നത് നാസറും സഫിയയും കണ്ടു. കാര്‍ അവരുടെ അടുത്ത് എത്തിയപ്പോള്‍ ആ സ്ത്രീ അവരുടെ കാറിനും കൈ കാണിച്ചു. നാസര്‍ നിരത്താതെ മുന്നോട്ടു പോയി.
അപ്പോള്‍ സഫിയ പറഞ്ഞു
ഇക്ക, കണ്ടിട്ട് മലയാളി സ്ത്രീയെന്നാ തോന്നുന്നത്, പാവം വണ്ടി കാത്തു നില്‍ക്കുകയാണ്. നമ്മുക്ക് അവര്‍ക്ക് എവിടെയാ പോകേണ്ടത് എന്ന് ചോദിച്ചാലോ? നമ്മള്‍ പോകുന്ന വഴിക്കണേല്‍ അവരെയും കൂട്ടാം.
നീ മിണ്ടാതിരി, അതോക്കോ പിന്നെ പുലിവാല്‍ ആകും.
നമ്മളും ഇത് പോലെ കുറെ ടാക്സി കാത്തുറോഡില്‍ നിന്നതാ അതൊന്നും മറന്നിട്ടില്ലല്ലോ? അവള്‍ ഓര്‍മിപ്പിച്ചു.
ഉടനെ നാസര്‍ വണ്ടി തിരിച്ചു. ആ സ്ത്രീയുടെ മുന്നില്‍ കൊണ്ട് നിര്‍ത്തി.
മലയാളിയാണോ? സഫിയ ചോദിച്ചു
അതെ,
എങ്ങോട്ടാ പോകേണ്ടത്?
വക്രയിലേക്ക്,
എന്നാല്‍ കേറിക്കോ,
മക്കളോട് ഇടതു ഭാഗത്തേക്ക് നീങ്ങിയിരിക്കാന്‍ പറഞ്ഞു.
അവര്‍ വണ്ടിയില്‍ കേറി.
ഇത് കണ്ട നാസര്‍ അന്തംവിട്ട് സഫിയയെ നോക്കി.
ഇക്ക, പാവമല്ലേ നമ്മുക്ക് വക്രയില്‍ കൊണ്ടു വിടാമെന്ന രീതിയില്‍ അവള്‍ ഒന്ന് നോക്കി.
എന്നിട്ട് പിന്നോട്ട് തിരിഞ്ഞ് റേഡിയോ സ്റ്റേഷന്‍ ഓണ്‍ ആക്കി.
എന്താ പേര്? അവള്‍ ആ സ്ത്രീ യോട് ചോദിച്ചു
മൈമൂന,
നാട്ടില്‍ എവിടെയാ?
കോഴിക്കോട്,
എന്താ ഇവിടെ ജോലി?
ഗദാമ്മയാണ്.
എത്ര വര്‍ഷമായി ഇവിടെ?
ഞാന്‍ പുതിയതാണ്. ആറു മാസമായി.
ഇതിനു മുന്‍പ് ഒമാനില്‍ആയിരുന്നു, അവിടെ രണ്ടു വര്‍ഷം ജോലിചെയ്തു.
നാട്ടില്‍ ആരൊക്കെയുണ്ട്?
മൂന്ന് മക്കള്‍, രണ്ടു പെണ്ണും, ഒരു ആണും, മൂത്ത മകളുടെ വിവാഹം കഴിഞ്ഞു.
മറ്റു രണ്ടു പേര്‍ പഠിക്കുന്നു.
ഭര്‍ത്താവ്? സഫിയ ചോദിച്ചു?
ഒരു അപകടത്തില്‍ മരിച്ചു. ദിവസവാടകക്ക് ഒരു പെട്ടി കടനടത്തുകയായിരുന്നു. കിട്ടുന്ന കാശ് മുഴുവന്‍ കുടിച്ചു തീര്‍ക്കും. വീട്ടിലേക്ക് ചില്ലികാശ് പോലും തരില്ല. വീട്ടുചെലവിനു ഞാന്‍ കൂലി പണിക്കു പോകുമായിരുന്നു. ഒരു കട വാങ്ങാന്‍ എന്ന് പറഞ്ഞു എന്‍റെ ആകെ ഉണ്ടായിരുന്ന അഞ്ചു പവനും കൊണ്ട് പോയതാ, പിന്നെ തിരിച്ചു വന്നത് ആംബുലന്‍സില്‍. കൂട്ടുകാരന്‍റെ കൂടെ ബൈക്കില്‍ പോയപ്പോള്‍ ബസ്‌ തട്ടി രണ്ടു പേരും മരിച്ചു.അങ്ങിനെ നാട്ടില്‍ നില്ക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഒരു വിസക്ക് ഒമാനില്‍ പോയി, അവിടെ രണ്ടു വര്‍ഷം നിന്നു. തിരിച്ച് നാട്ടില്‍ പോയി ഉണ്ടായിരുന്ന വീടും വിറ്റ് മൂത്ത മോളുടെ വിവാഹം നടത്തി.
ഇപ്പോള്‍ ഉമ്മയും രണ്ടു മക്കളും വാടക വീട്ടിലാണ് താമസം.
ഇവിടെ എവിടെയായിരുന്നു ജോലി?
ഒരു അറബി വീട്ടില്‍, മൂന്ന് മാസം നിന്നു. ഗള്‍ഫിലെ നരകം ഞാന്‍ ശരിക്കും അനുഭവിച്ചു.
വയസായ അറബിയും ഭാര്യയും. എട്ടു മക്കള്‍ എല്ലവരെയും വേറെയാണ് താമസം, രാവിലെയും രാത്രിയും എല്ലാ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ട് പോകാന്‍ പാത്രങ്ങള്‍ വരും. ഭക്ഷണം ഉണ്ടാക്കാന്‍ ഞാനും ഒരു ഫില്പിനോയും മാത്രം. അറബി ഭക്ഷണം മാത്രമേ ഉണ്ടാക്കുകയോള്ളൂ. നമ്മുടെ ഒരു ഭക്ഷണവും ഉണ്ടാക്കാന്‍ പറ്റില്ല, എനിക്കാണേല്‍ എരിവും പുളിയും ഇല്ലാതെ തിന്നാനും കഴിയില്ല. അടുക്കളയില്‍ ക്യാമറവെച്ചിട്ടുണ്ട്. അതും നോക്കി ഇരിപ്പാണ് അറബിയുടെ ഭാര്യ. പച്ചവെള്ളമൊഴികെ ഒരു സാധനം വായില്‍വെക്കാന്‍ പറ്റില്ല. എന്തെങ്കിലും തിന്നുന്നത് ക്യാമറയില്‍ കണ്ടാല്‍ അടുക്കളയിലേക്ക് ഓടി വരും. എന്നിട് വായ തുറന്ന് നോക്കും. സമയത്തിനു ഭക്ഷണം കിട്ടില്ല, ഉണ്ടാക്കി എല്ലാ വീടുകളിലേക്കും കൊടുത്തയച്ചതിനു ശേഷം, ബാബയും മാമയും തിന്നതിന് ശേഷം ബാക്കി കിട്ടും. രാത്രി ഉറങ്ങാന്‍ രണ്ടു മണിയാകും, രാവിലെ അഞ്ചു മണിക്ക് എഴുനേല്‍ക്കണം. 900റിയാല്‍ ശബളം കിട്ടും. നാട്ടിലെ പ്രയാസം ഓര്‍ത്ത് ഞാന്‍ കടിച്ചു പിച്ച് മൂന്ന് മാസം നിന്നു.
(തുടരും ബാക്കി ഭാഗം രണ്ടില്‍.)

No comments:

Post a Comment